Cutchi Language Tutorial, Kerala
കഛീ ലാംഗ്വേജ് ടൂട്ടോറിയൽസ് സൗഹ്യദ കൂട്ടായ്മയായ കഛീമേമൻ കൾച്ചറൽ ഫെസ്റ്റ് 2019 സെപ്റ്റംബർ 17 ആം തീയ്യതി 2019 കൊച്ചി നെഹ്റു മെമ്മോറിയൽ ടൗൺഹാളിൽ വെച്ച് നടത്തപ്പെട്ടു.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഗ്രൂപ്പിന്റെ രണ്ടാം വാർഷികവും വളരെ മനോഹരമായി ഞങ്ങൾക്ക് കൊണ്ടാടുവാൻ കഴിഞ്ഞതിൽ എല്ലാ അംഗങ്ങളോടും കഛീമേമൻ സമുദായാഗങ്ങളോടും അത്യധികം നന്ദിയുണ്ട്.
വൈകിട്ട് 4.30 ന് ആരംഭിച്ച കാര്യപരിപാടിയുടെ മുഖ്യാദ്ധ്യക്ഷൻ  കൊച്ചി കഛീമേമൻ ജമാത്ത് പ്രസിഡന്റ് ബഹുമാന്യനായ ജനാബ് അൻവർ ഹാഷിം സേട്ട് അവർകൾ ആയിരുന്നു. കൊച്ചി കഛീമേമൻ അസോസിയേഷൻ പ്രസിഡന്റ് അസ്ലം സുലൈമാന് സേട്ട് അവർകൾ കാര്യപരിപാടിയിൽ തന്റെ സാന്നിദ്ധ്യം പ്രകടിപ്പിച്ചു.

നമ്മുടെ ഗ്രൂപ്പ് ചീഫ് കോർഡിനേറ്ററും കൊച്ചി കഛീമേമൻ ജമാത്ത് വൈസ് പ്രസിഡന്റും അബാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ ജനാബ് റിയാസ് അഹമ്മദ് സേട്ട് നമ്മുടെ അംഗങ്ങളേയും സമുദായ കുടുംബ്ബത്തിലെ അംഗങ്ങളേയും അഭിസംബോധന ചെയ്തു സംസാരിച്ചു.

അദ്ദേഹത്തിന്റെ സഹകരണവും അർപ്പണമനോഭാവവും ഗ്രൂപ്പിന്റെ ഈ കൂട്ടായ്മയുടെ മാറ്റുയർത്തി. ഗ്രൂപ്പ് ഇദംപ്രഥമമായി ആരംഭിച്ച  മാഗസ്സിന്റെ പ്രകാശനം ആദരണീയനായ കൊച്ചി ജമാത്ത് പ്രസിഡന്റ് ജനാബ് അൻവർ ഹാഷിം സേട്ട് നിർവഹിച്ചു. മാഗസിന് പ്രകാശന കർമ്മത്തോടനുബ്ബന്ധിച്ച് മേമൻ ബോലി മാഗസിന്റെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച് മാഗസിന് ചീഫ് എഡിറ്റർ അൻസാർ അബ്ദുൽ ഷുക്കൂർ സേട്ട് വിശദമായി സംസാരിച്ചു.

കഛീ സമുദായത്തിന്റെ പൗരാണികതയെ സ്മരിച്ചു കൊണ്ട് രുചികരമായ മേമൻ ഭക്ഷണ വിഭവങ്ങളുടെ ഒരു ഭക്ഷ്യമേള നടത്തുവാന് കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ട്. ഭക്ഷ്യമേളയിൽ വിഭവങ്ങളുമായി വന്ന്  സഹകരിച്ച എല്ലാ സഹോദരീ സഹോദരൻമ്മാർക്കും ഹ്യദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. വരുംനാളുകളിലെ വാർഷികാഘോങ്ങളിൽ കൂടുതൽ കഛീമേമൻ ഭക്ഷ്യ വിഭവങ്ങൾ നമ്മുടെ പൊയ്മറഞ്ഞ ഓർമ്മകളിലേയ്ക്ക് എത്തിക്കുവാനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പരിപാടിയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ ഗ്രൂപ്പ് അംഗങ്ങളും സമുദായാഗങ്ങളും നടത്തിയ കലാപരിപാടികളും ഉണ്ടായിരുന്നു.

ഡോക്ടർ എം.ഇ.എ.റസ്സാക്ക് സേട്ട്,അൻസാർ അബ്ദുൽ ഷുക്കൂർ സേട്ട് അവതരിപ്പിച്ച രണ്ട് കഛീ നാടകങ്ങളും എം.കെ.അസ്ലം സേട്ട് അവതരിപ്പിച്ച ഗാനമേളയും,എം.കെ.നൗഷാദ് സേട്ട് അവതരിപ്പിച്ച കഛീ ഗാനങ്ങളും എം.ഇ.ഉസ്മാൻ സേട്ട് അവതരിപ്പിച്ച മിമിക്രിയും നമ്മുടെ കൂട്ടായ്മയുടെ ചാരുത ഉയർത്തി.

ഗ്രൂപ്പിന്റെ എല്ലാമെല്ലാമായ സാദിഖ് ഈസ്സാസേട്ട് നന്ദി പ്രകാശനം നടത്തി.ഈ സംരംഭം യാഥാർത്ഥ്യമാക്കാൻ അണിയറയിൽ പ്രവർത്തിച്ച ജനാബ് റഫീഖ് സീലാട്ടിനും ജനാബ് എം. കെ. നൗഷാദിനും ഒരായിരം നന്ദി. നമ്മുടെ ഈ പരിപാടിയുടെ പ്രതേക ആകർഷണം കച്ചി ഭാഷയിലുള്ള മിസ്. അസ്മ അതീകിന്ടെ അവതരണ രീതി ആയിരുന്നു.  ഒരു അവതാരക എന്ന നിലയിൽ അസ്മ തന്റെ കർത്തവ്യത്തോട് പൂർണ നീതി പുലർത്തി.  അസ്മായ്ക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 

നമ്മുടെ കൂട്ടായ്മയുടെ ഈ എളിയ സംരംഭത്തിൽ  സഹകരിച്ച് നമ്മോടൊപ്പം ഈ പരിപാടി വൻവിജയമാക്കി തീർത്ത എല്ലാ ഗ്രൂപ്പ് അംഗങ്ങളോടും കഛീസമുദായ സഹോദരങ്ങളോടും ഹ്യദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

വരും നാളുകളിൽ നമുക്ക് ഇനിയും ഒത്തു ചേരുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

ഇതിനോട് അനുബന്ധിച്ചു നടന്ന പരിപാടികളുടെ ചിത്രങ്ങൾ അടുത്ത പേജിൽ.

സ്നേഹപൂർവ്വം... 
ഗ്രൂപ്പ് അഡ്മിൻ...
മൻസൂർ ഇബ്രാഹിം സേട്ട്

കഛീ ലാംഗ്വേജ് ടൂട്ടോറിയൽസ്  കഛീമേമൻ കൾച്ചറൽ ഫെസ്റ്റ് 
By Mr.Manzoor Ebrahim - Nov2019 Issue
A Magazine for the Cutchi Memon Community of Kerala
SPONSORER