Cutchi Language Tutorial, Kerala
കച്ചി മേമൻ സമുദായ ചരിത്ര - ഈസ സേട്ട് എം - November 2019 Issue

കച്ചി മേമൻ സാമുദായത്തിന്ടെ ഉത്ഭവത്തെ സംബന്ധിച്ചുള്ള പഠനങ്ങളിൽനിന്നു  നാല് വ്യത്യസ്ത രീതിയിലുള്ള വ്യാഖാനങ്ങൾക്കാണ് പ്രാബല്യം കിട്ടിയിട്ടുള്ളത്. അവയിൽത്തന്നെ പൊതുവെ അംഗീകാരം സിദ്ധിച്ച വ്യാഖ്യാനം താഴെ പറയുന്ന തരത്തിലാണ് . 


സിനഡ് മേഖലകളിൽ വ്യാപാരം കുലത്തൊഴിലാക്കിയ പ്രബലമായ ഹിന്ദുസമുദായമായിരുന്നു ലോഹാന സമുദായം. ആയിരത്തി നാനൂറു എ.ഡി. കാലഘട്ടത്തിൽ മേൽപ്പറഞ്ഞ സമുദായത്തിൽ പ്പെട്ട എഴുന്നൂരോളം കുടുംബങ്ങൾ ഇസ്ലാം മതം സ്വീകരിക്കുകയും " വിശ്വാസികൾ " എന്ന അർത്ഥത്തിൽ "മോമിൻ " എന്നും പിന്നീടത് ലോപിച്ചു മേമൻ എന്നും അറിയപ്പെട്ടു  എന്നതാണ് മേമൻ സമുദായ ചരിത്രം . ഇത്തരത്തിൽ രൂപപ്പെട്ട മേമൻ സമുദായം സുന്നി വിശ്വാസികളാണ് . അവർ സിൻഡിൽ നിന്നും ഗുജറാത്തിലേക്കും മറ്റു പല പ്രദേശങ്ങളിലേക്കും വ്യാപാരാർത്ഥം കുടിയേറുകയുണ്ടായി . ഡോക്ടർ മൊഹമ്മദ് താഹിർ എന്നയാൾ മേമൻ സമുദായത്തിലെ 13 വിവിധതരം ഉപസമുദായങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അനേകം ചരിത്ര പണ്ഡിതന്മാരുടെ പഠനങ്ങളെ ആശ്രയിച്ചു ക്രോഡീകരിച്ചിട്ടുണ്ട് . മേൽ പറഞ്ഞ 13 മേമൻ സമുദായങ്ങൾ ഇവയാണ്. - ബാന്ദ്വ , ഹാലായി, കച്ചി , ഖോജ, ബോഹ്റ , സിന്ധി, സൂറതി, കുട്യാന , ഓഖായി , ജേതപുരി ബഗസ്ര, ജൂനഗഡ്ഡ് , ഡൊറാജി. ഇവയിൽ ഗുജറാത്തിലെ കച്ചരാജ്യത്തു താമസ്സമാക്കുകയും അവിടെ നിന്നും പിന്നീട് ഇന്ത്യയിലെ തെക്കൻ തീരങ്ങളിലേക്കും മറ്റനേകം വിദേശ രാജ്യങ്ങളിലേക്കും കുടിയേറിയ സമുദായമാണ് കച്ചി മെമെൻ സമുദായം. സ്വന്തമായ ഭാഷയും ചടങ്ക്കുകളും ആചാരങ്ങളും മറ്റും നിലനിർത്തി , ഏതു ദേശത്തായിരുന്നിട്ടും അവർ അവരുടെ തനിമ നിലനിറുത്തിപ്പോന്നിട്ടുണ്ട് . 

കച്ചി ബോലിയുടെ ചരിത്രം 

കച്ചി മേമൻ എന്ന സമുദായം സ്വന്തം വ്യക്‌തിത്വം ആർജിച്ചതു ഗുജറാത്തിലെ കച് മേഖലയിലെ ദീർഘമായ ജീവിത ചക്രത്തിലൂടെയാണ് . അവിടെ അവർ അവരുടെ പുരാതന സംസ്ക്കാരത്തിന്റെ ഭാഗമായ സിന്ധി ഭാഷയും തദ്ദേശീയമായ ഗുജറാത്തി ഭാഷയും ഒരുപോലെ കൈകാര്യം ചെയ്തതിന്റെ പരിണത ഫലമായി രൂപം കൊണ്ട ഭാഷയാണ് കച്ചിബോലി.

ഭാഷ വംശത്തിൽ ഇൻഡോ ആര്യൻ എന്ന വംശത്തിലാണ് കച്ചിബോലി. ഗുജറാത്തിലെ കച് പ്രദേശത്തെ ഭാഷയാണ് കച്ചി. മാത്രമല്ല , കച്ചിഭാഷ ഉപയോഗിക്കുന്ന സമുദായങ്ങൾ മറ്റു പലതുമുണ്ട് എന്ന കാര്യം നമ്മെ വിസ്മയപ്പെടുത്തിയേക്കാം . കച്ചി ഭാഷ ഉപയോഗിക്കുന്ന മറ്റുസമുദായങ്ങൾ ഏതൊക്കെയാന്നെന്നു നോക്കാം. - പാകിസ്താനിലെ സിനഡ് പ്രൊവിൻസിൽ ഉള്ളവർ, ഇന്ത്യയിൽ നിന്ന് ഈസ്റ്റ് ആഫ്രിക്കയിൽ കുടിയേറിയവർ, രാജ്പുത്ജദേജ , ബുൻസാരി, ഭാട്ടിയ, ബുജ്ജിലെ രാജഗോർ കന്യാത്തി എന്ന ബ്രാമിന് സമുദായം, മെഗ്‌വാൽ , വിസ ഒസ്വാൾ , ദാസഒസ്വാൾ , ജെയിൻഖോജ  എന്നീ സമുദായങ്ങൾ.കച്ചി ഭാഷയെ മൂന്ന് പ്രബല ഭാഷകളായ സിന്ധി, ഗുജറാത്തി,രാജസ്ഥാനി എന്നീ ഭാഷകളുടെ സങ്കലനം ആയാണ് ഭാഷ പണ്ഡിതന്മാർ ,വിലയിരുത്തുന്നത്  . വിസ്തൃതമായ ഭൂപ്രദേശങ്ങളിലൂടെ നൂറ്റാണ്ടുകളായി നടന്ന കുടിയേറ്റ യാത്രകൾ ഇത്തരം ഭാഷയുടെ രൂപീകരണത്തിന് പിന്നിലുണ്ട്. മേൽപ്പറഞ്ഞ ഭാഷകളിൽനിന്നും ഉൾക്കൊണ്ട വാക്കുകൾ കൂടാതെ പേർഷ്യൻ അറബ് തുടങ്ങിയ ഭാഷകളിൽനിന്നുള്ള വാക്കുകളും കച്ചി ബോലിയിൽ ഉണ്ട് . ഉദാ : ദുനിയാ, ജഹനം, നസീബ് . ഗുജറാത്തി ഭാഷ യുടെ ലിപിയെ തന്നെ അല്പം പരിഷ്‌കാരങ്ങളോടെ കച്ചി ബോലി എഴുതുവാൻ ഉപയോഗിക്കുന്നു . ഈ ലിപിയിൽ എഴുതപ്പെട്ട അനേകം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉണ്ട് എന്നുള്ള കാര്യം നമുക്ക് കൗതുകകരമായി തോന്നാം. സ്വന്തമായി ലിപി ഇല്ലാത്ത ഭാഷ ആയതിനാൽ നിരന്തരമായ പറഞ്ഞുപഠിക്കൽ എന്ന പ്രക്രിയ മാത്രമാണ് കച്ചി ഭാഷ പഠിക്കുവാൻ ഇപ്പോൾ സാധ്യമായിട്ടുള്ളത് . അത്തരമൊരു പ്രക്രിയ ബോധപൂർവം നമ്മുടെ വീടുകളിലും കുടുംബ സദസ്സുകളിലും ചടങ്ങ്കുകളിലും ഉണ്ടാവാൻ ഈ കുറിപ്പ് പ്രേരണയായി  തീരട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്ത്തുന്നു.

A Magazine for the Cutchi Memon Community of Kerala
SPONSORER